കവിതയെ ജനകീയമായൊരു അനുഭവമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കവിതാക്ഷരിയെ ഒരു വന്‍ വിജയമാക്കിത്തീര്‍ത്ത വനിതാലോകം പ്രവര്‍ത്തകര്‍ക്കും പങ്കെടുത്തവര്‍ക്കും അഭിവാദ്യങ്ങള്‍!
Monday, May 5, 2008
Thursday, May 1, 2008
മെയ്ദിനാശംസകള്‍!

വേതനമൊന്നും കൈപ്പറ്റാതെ കുടുംബം എന്ന സ്ഥാപനത്തില്‍ എണ്ണമില്ലാത്ത നാളുകളോളം ജോലിചെയ്യുന്ന ഞാനുള്‍പ്പെടെയുള്ള വീട്ടമ്മമാര്‍ക്കും പ്രൈവറ്റ്- പബ്ലിക് സെക്റ്ററുകളിലെയടക്കം എല്ലാ തൊഴിലാളികള്‍ക്കും മെയ്ദിനാശംസകള്‍!
Monday, April 28, 2008
യോക്കോ ഓനോ ലെനന്‍ ( ഒരു കുറിപ്പ്)
ലോകസമാധാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി സ്റ്റേജ് ഷോയിലൂടെയും സംഗീതത്തിലൂടെയും ചിത്രകലയിലൂടെയും സിനിമകളിലൂടെയും നിരന്തരം പൊരുതുന്ന ഒരു കലാ(പ)കാരി, ബീറ്റിത്സിന്റെ തകര്‍ച്ചയുമായി ബന്ധപ്പെടുത്തി ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു സ്ത്രീ, തനിക്കുപറയാനുള്ള കാര്യങ്ങള്‍ ലോകസമക്ഷം തന്റേടത്തോടെ വിളിച്ചുപറയുന്നവള്‍; ഇതൊക്കെയാണ് യോക്കോ ഓനോ ലെനന്‍ എന്ന സ്ത്രീയെ ക്കുറിച്ച് പ്രത്യേകമായി പറയാനുള്ളത്. പ്രശസ്തനായിരുന്ന സംഗീതജ്ഞന്‍ ജോണ്‍ ലെനന്‍ (ബീറ്റില്‍സ്) യോക്കോയുടെ ജീവിതപങ്കാളിയായിരുന്നു. ലെനനെ പരിചയപ്പെടുന്നതിനും മുന്‌പു തന്നെ യോക്കോ 'അവാന്റ് ഗാര്‍ഡ്' ആര്‍ട്ടിസ്റ്റ് ഗ്രൂപില്‍ ( കലയിലെ ആധുനികവത്‌കരണം) സജീവ പ്രവര്‍ത്തകയായി. 1933 ഫെബ്രുവരി 18 ഇല്‍ ടോക്കിയോയില്‍ ജനിച്ച യോക്കോ പിന്നീട് പിതാവിനൊപ്പം ചേരാന്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് തിരിച്ചു. 1945 ഇല്‍ അമേരിക്ക ജപ്പാനില്‍ ബോംബിട്ട സമയത്ത് യോക്കോ ജപ്പാനിലായിരുന്നു. യുദ്ധം വിതച്ച വറുതിയും അരാജകത്വവും നേരിട്ട് അനുഭവിച്ചറിയുന്നതിലൂടെയാണ് അവര്‍ സമാധാനത്തിനുവേണ്ടിയുള്ള നിരന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. തിരികെ അമേരിക്കയിലെത്തി പഠനം തുടര്‍ന്ന അവര്‍ ഒടുവില്‍ കലാരംഗത്തേക്ക്ക് പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1966 ലാണ് യോക്കോ , ലെനനെ പരിചയപ്പെടുന്നത്. 1969 ഇല്‍ അവര്‍ വിവാഹിതരായി. പിന്നീടങ്ങോട്ടുള്ള ലെനന്റെ സംഗീതത്തില്‍ യോക്കോ അവിഭാജ്യ ഘടകമായിത്തീര്‍ന്നു. അവരൊന്നിച്ച് നിര്‍മ്മിച്ച ആല്‍ബം 'ദ അണ്‍ഫിനിഷ്ഡ് മ്യൂസിക് നംബര്‍1: റ്റു വെര്‍ജിന്‍സ്', റെവല്യൂഷന്‍ 9 , പ്ലാസ്റ്റിക് ഓനോ ബാന്‍ഡ് എന്ന പേരില്‍ പബ്ലിഷ് ചെയ്യപ്പെട്ട അനേകം പാട്ടുകള്‍ എന്നിവ അവയില്‍ ചിലതുമാത്രം. ഒരിക്കല്‍ ലെനന്‍ തന്നെ അവരെക്കുറിച്ചു പറഞ്ഞത് 'ഒരേ സമയം ഏറ്റവും പ്രശസ്തയും എന്നാല്‍ തീരെ അറിയപ്പെടാത്തവത്തവളുമായ കലാകാരി' എന്നാണ്. അതായത് ലെനന്റെ ഭാര്യ എന്ന നിലയില്‍ അവരെ എല്ലാവരും അറിഞ്ഞിരുന്നുവെങ്കിലും അവരിലെ യഥാര്‍ത്ഥ കലാകാരിയെ ലോകം തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്.
യോക്കോയുമായുള്ള ഒരു സംഭാഷണത്തിന്റെ വീഡീയോ ചുവടെ.
ഇതിന്റെ ബാക്കി ഭാഗങ്ങളും യൂ റ്റ്യൂബില്‍. ലഭ്യമാണ്.
1964 നും 72 നുമിടക്ക് 16 ‘ഷോര്‍ട് ഫിലിംസ്’ സംവിധാനം ചെയ്തിട്ടുണ്ട്. മിക്കവയും എക്‍സ്പെരിമെന്റല്‍ വിഭാഗത്തില്‍ പെടുത്താവുന്നവയാണ്. പൊതുവെ നിലനില്‍ക്കുന്ന വിശ്വാസങ്ങളും പ്രമാണങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് നവീനമായ ഒരു സമീപനം കൈക്കൊള്ളുന്ന രീതി. മന്ത്രമധുരമായ ശബ്ദങ്ങളോ ഇമ്പമാര്‍ന്ന സംഗീതമോ ഉപയോഗിക്കാതെ ശബ്ദങ്ങളെ അതിന്റേതായ തനിമയോടെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളത്. യോക്കോയുടെ സിനിമകളെപ്പറ്റി ഇവിടെ. ഇന്ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ സെന്‍ട്രല്‍ പാര്‍ക്കിനുസമീപം ഡകോട്ട ബില്‍ഡിംഗില്‍ താമസിക്കുന്ന അവരുടെ കലാപരമായ കഴിവുകള്‍ ഇപ്പോഴും ശ്രദ്ധയാകര്‍ഷിക്കുന്നു. ലെനനുമായുള്ള വിവാഹത്തില്‍ ഒരു മകനും (ഷോണ്‍ ലെനന്‍), മുന്‍വിവാഹത്തില്‍ ഒരു മകളും (കൊയോകൊ) ഉണ്ട് . ഡകോട്ട ബില്‍ഡിംഗിന്റെ ചിത്രം താഴെ കൊടുത്തിരിക്കുന്നു. ജോണ്‍ ലെനന്‍ വെടിയേറ്റുമരിച്ചത് ഈ കെട്ടിടത്തിന്റെ പ്രവേശനകവാടത്തില്‍ വച്ചായിരുന്നു, 1980 ഡിസംബറില്‍. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് രണ്ടുവിളക്കുകള്‍ അവിടെ എരിയുന്നുണ്ട് ( അവസാനത്തെ ചിത്രം).
(ചിത്രത്തിലുള്ള പഴയ കെട്ടിടം)
Monday, April 21, 2008
വാട്ട്’സ് റോംഗ് വിത് ബ്ലാക്?
തിളങ്ങുന്ന കറുത്ത കാര്‍, കറുത്ത ടീഷര്‍ട്ടുകള്‍, കറുത്ത ലെതര്‍ ഷൂസ്, കറുത്ത കണ്ണുകള്‍, കറുത്ത മുടി, കറുത്ത ബാഗ്, കറുത്ത സണ്‍ ഗ്ലാസ് തുടങ്ങി കറുപ്പിനെ ഇഷ്ടപ്പെടുന്നവര്‍ വളരെപ്പേരുണ്ട്, എന്നാല്‍ കറുത്ത തൊലിയുടെ കാര്യം വരുമ്പോള്‍ മട്ടുമാറുന്നു. കറുപ്പിന് ഏഴഴക് എന്നൊക്കെ പറഞ്ഞാലും ഉള്ളിന്റെയുള്ളില്‍ അതംഗീകരിക്കാന്‍ കഴിയുന്നവര്‍ കുറവാണ്. കാലം പോകുന്തോറും മാറിവരുന്ന സൌന്ദര്യ ശാസ്ത്രത്തിന്റെ എഴുതപ്പെടാത്ത നിയമങ്ങള്‍ക്കടിമപ്പെട്ട് നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും വെളുക്കാനുള്ള ക്രീം, ലോഷന്‍, ബ്ലീച്ചിംഗ് ക്രീം തുടങ്ങി തൊലിക്ക് സഹിക്കാന്‍ പറ്റുന്നതിലപ്പുറം രാസവസ്തുക്കള്‍ പുരട്ടി കറുപ്പില്‍ നിന്നും, കറുപ്പിനും വെളുപ്പിനുമിടയ്ക്കുള്ള താരതമ്യേന 'സുരക്ഷിത'മായ ഒരിടത്ത് സ്വയം എത്തിക്കാന്‍ തത്രപ്പെടുന്നു. നാലാള്‍ കൂടുന്നിടത്തുപോകുമ്പോഴാണ് ഇത്തരം വേവലാതികള്‍ കൂടുതലും, സ്ത്രീകളുടെ മാത്രം കാര്യവുമല്ല ഇത്. കറുത്ത തൊലിക്കാര്‍ക്ക് ഉപബോധമനസ്സില്‍ ഒരു 'രണ്ടാം തരം' വിചാരം എങ്ങനെ കടന്നുകൂടുന്നു? സമൂഹത്തിന്റെ ക്രൂരമായ ചില ഇടപെടലുകളില്‍ നിന്നുതന്നെ.
ടീവിയിലെയും പത്രങ്ങളിലെയും പരസ്യങ്ങള്‍, പ്രായമായവരുടെ സംസാരങ്ങള്‍, അദ്ധ്യാപകരുടെ പെരുമാറ്റം, കൂട്ടുകാരുടെ കളിയാക്കലുകള്‍ അങ്ങനെ പല ഘടകങ്ങളിലൂടെ കുറേശ്ശെയായി ഇത് നമ്മളിലേക്കെത്തുന്നു. ഇത് കേരളത്തിലെയോ അല്ലെങ്കില്‍ ഇന്‍ഡ്യയിലെയോ മാത്രം കാര്യമല്ല, പരിഷ്കൃതരെന്ന് ലോകം ധരിച്ചുവച്ചിരിക്കുന്ന രാഷ്ട്രങ്ങളിലൊക്കെ വേരാഴ്ന്നിരിക്കുന്ന ഒരു മനോഭാവമാണ്.
ഈയടുത്ത് അമേരിക്കയില്‍ ആഫ്രിക്കന്‍ വംശജനായ ഡേവിഡ് വിത്സണ്‍ നിര്‍മ്മിച്ച ഒരു ഡോക്യുമെന്ററി 'മീറ്റിംഗ് ഡേവിഡ് വിത്സണ്‍' എം എസ് എന്‍ ബീ സി ചാനലില്‍ ചര്‍ച്ചാവിഷയമായിരുന്നു. 28 വയസ്സുകാരനായ അദ്ദേഹം സ്വന്തം കുടുംബത്തിന്റെ വേരുകള്‍ തേടി അമേരിക്കയിലെ നോര്‍ത് കരോലൈനയില്‍ എത്തുന്നു. അടിമക്കച്ചവടം ഉണ്ടായിരുന്നകാലത്ത് അവിടെ ഒരു വെള്ളക്കാരന്റെ പുകയിലത്തോട്ടത്തില്‍ പണിയെടുക്കാനെത്തിയ ആഫ്രിക്കന്‍ അടിമകളുടെ സന്തതിപരമ്പരയില്‍ പെടുന്ന ആളാണ് ഡേവിഡ് വിത്സണ്‍. നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം ഈ അടിമകളുടെ യജമാനന്റെ പിന്മുറക്കാരനായ സായ്‌വിന്റെയും പേര്‍ ഡേവിഡ് വിത്സണ്‍ എന്നുതന്നെയാണെന്നുള്ളതത്രെ. രണ്ടു ഡേവിഡുമാരും ഇന്നും നിലനില്‍ക്കുന്ന വംശീയവൈരത്തെപ്പറ്റി സംസാരിക്കുന്നതെല്ലാം അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിമയുടെയും യജമാനന്റെയും
വംശത്തിലെ പിന്മുറക്കാരുടെ കണ്ടുമുട്ടലുകള്‍ എത്രയോ വര്‍ഷങ്ങള്‍ക്കുമുന്‍പ് ആ പുകയിലത്തോട്ടത്തില്‍ മരിച്ചും കൊല്ലപ്പെട്ടും പോയ അനേകം ആഫ്രിക്കന്‍ അടിമകളുടെ ആത്മാക്കള്‍ കേട്ടുകാണുമെന്നുറപ്പ്.
പിന്നീട് ഡി എന്‍ എ ടെസ്റ്റുകള്‍ക്ക് ശേഷം ആഫ്രിക്കന്‍ വംശജനായ ഡേവിഡ് ആഫ്രിക്കയില്‍ ചെല്ലുന്നതും മറ്റുമാണ് ഡോക്യുമെന്ററിയുടെ ആധാരം. പ്രസ്തുത ഡോക്യുമെന്ററിയില്‍ ഡേവിഡ് തന്റെ ചെറുപ്പകാലത്ത്, കറുത്ത വംശത്തില്‍ പിറന്നവാനായതുകൊണ്ടുമാത്രം,അനുഭവിച്ചിട്ടുള്ള നരകയാതനകളുടെ ചുരുളഴിക്കുന്നുണ്ട്. ഡോക്യുമെന്ററിയില്‍ ഉയര്‍ന്നുവരുന്ന ചോദ്യമാണ് ‘വാട്ട്’സ് റോംഗ് വിത് ബ്ലാക്‘ എന്നത്. അതില്‍ പരാമര്‍ശിക്കുന്ന വേദനിപ്പിക്കുന്ന ഒരു കാര്യമാണ് 'ഡോള്‍ ടെസ്റ്റ്'. കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികളെ കറുപ്പും വെളുപ്പും നിറമുള്ള പാവകളെ കാണിച്ച് ചില ചോദ്യങ്ങള്‍ ചോദിക്കുന്ന രീതി. (ഉദാ: ഏതാണ് നല്ലത്? ഏതാണ് ചീത്ത? ). കുട്ടികളില്‍ നിറത്തിന്റെ നെഗറ്റീവ് എഫക്റ്റ് എത്രമാത്രം വേരൂന്നിയിരിക്കുന്നു എന്ന് കണ്ടെത്താന്‍ കൂടിയുള്ളതാണ് ഈ ടെസ്റ്റ്. 6 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പോലും പറയുന്നത് കറുത്ത നിറമുള്ള പാവ 'ബാഡ്' ആണെന്നാണ്. പിന്നീട് കുട്ടിയോട് കുട്ടിയുമായി സാമ്യമുള്ളത് ഏതു പാവയ്ക്കാണെന്ന് ചോദിക്കുന്നു. സ്വത്വത്തെപ്പറ്റി കുട്ടി ബോധവാനാകുന്നത് അപ്പോഴായിരിക്കും. കെന്നെത്ത് ക്ലാര്‍ക്ക്/മേമി ക്ലാര്‍ക്ക് എന്നീ സൈക്കോളജിസ്റ്റുകള്‍ വിഭാവനം ചെയ്ത ഈ ടെസ്റ്റിനെപ്പറ്റി കൂടുതല്‍ ഇവിടെ. വായനക്കാര്‍ക്കുവേണ്ടി ഈ ടെസ്റ്റിന്റെ വീഡീയോ താഴെ ചേര്‍ക്കുന്നു.
സിസ്റ്റെമിക് റേഷിസം (സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് തന്ത്രപൂര്‍വ്വം ഒഴിവാക്കപ്പെടുന്നത് ) സമ്മാനിക്കുന്ന ദാരിദ്ര്യം കൊണ്ടും തൊഴിലില്ലായ്മകൊണ്ടും പൊറുതിമുട്ടുന്ന ഇവര്‍ മയക്കുമരുന്നിന്റെ കച്ചവടക്കാരായും ഉപഭോക്താക്കളായും മാറുന്നു. പഠനം പൂര്‍ത്തിയാകുന്നതിനും എത്രയോ മുന്‍പ് സ്കൂള്‍ ഉപേക്ഷിക്കുന്ന ഭൂരിഭാഗം കുട്ടികളും ഒടുവില്‍ റാപ് സംഗീതം അല്ലെങ്കില്‍ മയക്കുമരുന്ന് എന്നിങ്ങനെയുള്ള വഴികളിലൂടെ സഞ്ചരിച്ച് അറിഞ്ഞോ അറിയാതെയോ ആന്റി- ഇന്റെലക്‍ച്വലിസത്തിന്റെ വക്താക്കളായിത്തീരുന്നു, എന്നുവച്ചാല്‍ ബൌദ്ധികമായ എന്തിനെയും തിരസ്കരിക്കല്‍. ഉദാഹരണത്തിന് ചിട്ടയായ പഠനത്തിനുള്ള മടി, സാമൂഹികവും മതപരവുമായ കാര്യങ്ങളോടുള്ള വിരോധം തുടങ്ങിയവ. അമേരിക്കയിലെ ഔദ്യോഗിക കണക്കനുസരിച്ച് കറുത്ത വംശജരില്‍ മൂന്നിലൊരാള്‍ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ തീര്‍ച്ചയായും ജയില്‍വാസമനുഭച്ചിട്ടുണ്ടാകുമെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്.
ഡെട്രോയിറ്റ്, ബ്രൂക്‍ലിന്‍, ന്യുഅര്‍ക് എന്നിവിടങ്ങളില്‍ 10 വയസ്സായ കുട്ടികള്‍പോലും മയക്കുമരുന്നു സംഘങ്ങളിലും മറ്റു ആന്റി സോഷ്യല്‍ ഗാങുകളിലും അംഗങ്ങളാണെന്നുകാണാം. ദാരിദ്ര്യത്തില്‍ നിന്നും പെട്ടെന്നുള്ള മോചനത്തിനും വിലകൂടിയ കാര്‍, വസ്ത്രം മറ്റു ജീവിതരീതികള്‍ എന്നിവയ്ക്കും വേണ്ടി പണം കണ്ടെത്താനുള്ള എളുപ്പവഴി മയക്കുമരുന്നും അതിനോടനുബന്ധിച്ച കുറ്റകൃത്യങ്ങളുമാണെന്ന് അവര്‍ കണ്ടെത്തുന്നു. ഇവരുടെയിടയില്‍ തീരെ ചെറിയ പ്രായത്തില്‍ അമ്മമാരാകേണ്ടിവരുന്ന പെണ്‍കുട്ടികള്‍ നിരവധിയാണ്. ജീവിതമെന്തെന്നറിയുന്നതിനുമുന്‍പേ കഷ്ടപ്പാടുകളുടെ നിലയില്ലാക്കയങ്ങളിലേക്ക് ആഴ്ന്നുപോകുന്നവര്‍.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള വഴികള്‍, യഥാര്‍ത്ഥ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ബോധവത്കരണം, തൊഴില്‍, മയക്കുമരുന്നു മാഫിയക്കെതിരെ ഗവണ്മെന്റിന്റെയും സമൂഹത്തിന്റെയും ശക്തമായ പിന്തുണ എന്നിവയെല്ലാം കൃത്യമായ രീതിയില്‍ നല്‍കപ്പെടുന്നുവെങ്കില്‍ അവരും രക്ഷപ്പെടും എന്നുള്ളതില്‍ തര്‍ക്കമില്ല. ഇതെല്ലാം വളരെ പെട്ടെന്ന് നടപ്പില്‍ വരുത്താന്‍ കഴിയുന്ന കാര്യങ്ങളല്ലെങ്കില്‍കൂടി പടിപടിയായുള്ള ശ്രമങ്ങള്‍ക്ക് ഫലം തീര്‍ച്ചയായും ഉണ്ടാകും.അടിമത്തത്തിന്റെ ക്രൂരമായ എല്ലാ വഴികളെയും അതിജീവിച്ച് നശിച്ചുപോകാതെ ഇവിടംവരെ എത്തിയ കരുത്തുറ്റൊരു ജനതയാണ് അവര്‍. ഇടയ്ക്കെവിടെയോ കൈമോശം വന്നുപോയ ആ ശക്തിയുടെ കണികകള്‍ കണ്ടെടുത്ത് സ്വന്തം വംശത്തെ ഏറ്റവും നല്ല രീതിയില്‍ മുന്നോട്ട് നടത്താന്‍ അവര്‍ക്ക് കഴിയട്ടെ.
Thursday, April 10, 2008
കറുത്ത കുപ്പായക്കാരന്‍
പനയോലകളില്‍ വായിച്ച ഒരു കഥയ്ക്ക് കവിതക്കുപ്പായം ചേരുമോ എന്നൊരു പരീക്ഷണം. റീനിക്ക് നന്ദി. അവിടെക്കണ്ട പടം സ്കെച് പെന്‍ കൊണ്ട് വരച്ചെടുത്തതും ചേര്‍ക്കുന്നു.. :)
കുന്തിരിക്കത്തിന്റെ മണവും
റീത്തിലെ പൂക്കളുടെ
വാടിയ ചിരിയുമുള്ളവന്‍. .
നിന്റെ റാന്തലിലെ
കരിഞ്ഞ പുക
ഇന്നേതുവീട്ടിലെ ചിരികെടുത്തും?
നീണ്ട കറുത്ത കുപ്പായം
എവിടെയൊക്കെയാകും
നിലവിളി കൊരുത്തിട്ട്
കാര്‍മേഘപ്പന്തല്‍ കെട്ടുക
തേട്ടിവരുന്ന കറുത്ത കയ്പ്പിനെ
കടിച്ചിറക്കി മടുക്കുമ്പോള്‍,
ശലഭച്ചിറകുള്ള കുഞ്ഞുങ്ങള്‍
എറിഞ്ഞിട്ട ശംഖിനും
നിന്നോടൊപ്പം ചേരാന്‍ കൊതി.
വിളക്കുകാലിന്റെ ചുവട്ടില്‍
നിന്നെ കണ്ടെന്ന് ഒരുവള്‍,
സെമിത്തേരിയുടെ ഗേറ്റില്‍
ചാരി നില്‍ക്കുന്നുവെന്ന് ..
ആശുപത്രിയിലുണ്ടെന്ന്..
തിരക്കുള്ളൊരു വഴിയില്‍
അതിവേഗത്തിലോടുന്ന ഇരയെ
ഇഷ്ടത്തോടെ നോക്കുന്നുവെന്ന്...
നീ എവിടെയാണുള്ളത്?
എവിടെയാണില്ലാത്തത്..
ഒപ്പം കൂട്ടാത്തതുകൊണ്ട്,
അതുകൊണ്ടുമാത്രം
കുപ്പിച്ചില്ലുകള്‍ തറഞ്ഞ്,
മരത്തില്‍ ചേര്‍ത്തടിച്ച
ഇരുമ്പാണിക്കുള്ളില്‍ പിടഞ്ഞ്,
നീയെത്തുംവരെ
ഈ ജന്മം ഇങ്ങനെ തീരട്ടെ.
Saturday, April 5, 2008
നെറ്റില്‍ നിന്നും ഫോട്ടോ മോഷ്ടിച്ച് പുസ്തകത്തിന് പുറംചട്ട..
കഴിഞ്ഞ ദിവസം മാതൃഭൂമി വീക്‌ലിയുടെ ബുക്ക് റിവ്യൂ പേജ് സന്തോഷത്തോടെ വായിച്ചുകൊണ്ടിരുന്ന യുവാവ് ഞെട്ടിത്തരിച്ചത് പെട്ടെന്നായിരുന്നു. കാരണം മറ്റൊന്നുമല്ല, അതിലെ പുസ്തകപരിചയ വിഭാഗത്തില്‍ കണ്ട പുസ്തകത്തിന്റെ പുറംചട്ടയിലെ മുഖത്തിന് നല്ല മുന്‍പരിചയം! എങ്ങനെ പരിചയം തോന്നാതിരിക്കും..പ്രസ്തുത യുവാവ് 2006 ഇല്‍ കഷ്ടപ്പെട്ട് കാസറ്ഗോഡ് വരെ പോയി എടുത്ത പടമാണ് അതേപടി അടിച്ചുമാറ്റി ഒരു ക്രെഡിറ്റ് പോലും കൊടുക്കാതെ, പ്രണത ബുക്‍സ് പ്രസിദ്ധീകരിച്ച ,അംബികാസുതന്‍ മങ്ങാടിന്റെ കഥാ സമാഹാരം ‘വേട്ടച്ചേകോന്‍ എന്ന തെയ്യം’ എന്ന പുസ്തകത്തിന്റെ ചട്ടയില്‍ പതിപ്പിച്ചുകൊടുത്തിരിക്കുന്നത്..
യുവാവ് മറ്റാരുമല്ല, നമ്മുടെ സഹബ്ലോഗര്‍ ആയ ജോ. മോഷ്ടിക്കപ്പെട്ട ‘വേട്ടച്ചേകോന്‍ തെയ്യ‘ത്തിന്റെ പടവും മറ്റു വിവരങ്ങളും ഇവിടെ. ആദ്യം പ്രണത ബുക്സ് ഉടമ അത് അവരുടെ സ്വന്തം ഫോട്ടോഗ്രാഫര്‍ എടുത്ത പടമാണെന്ന് കുറെ തര്‍ക്കിച്ചെങ്കിലും ഒടുവില്‍ അത് ഇന്റെര്‍നെറ്റില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. എങ്കിലും അത് ജോ എടുത്ത പടമാണെന്ന് അദ്ദേഹത്തിനിനിയും വിശ്വാസം വന്നിട്ടില്ല. അതുകൊണ്ടുതന്നെ, നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ജോ തീരുമാനിച്ചിരിക്കുന്നു. ഈ സമരത്തില്‍ ജോയ്ക്ക് അഭിവാദ്യങ്ങള്‍!
Sunday, March 9, 2008
റോസ്‌മേരിയുടെ 'വേനലില്‍ ഒരു പുഴ' യെപ്പറ്റി ചിലത്..
ഇതുപ്രസിദ്ധീകരിച്ച സാറ ടീച്ചര്‍ക്കും (മയൂരി മാസിക, ജനുവരി ലക്കം),നാട്ടില്‍ നിന്നും അയച്ചുതന്ന ആള്‍ക്കും നന്ദിയും സ്നേഹവും. ഈ സന്തോഷം എന്റെ എല്ലാ സുഹൃത്തുക്കളുമായും പങ്കുവയ്ക്കുന്നു. നന്ദി.